2009, ഡിസംബർ 1, ചൊവ്വാഴ്ച

പുഴ ഒഴുകുന്നു

പേര് പെരുമാള്‍. തുരുമ്പു പിടിച്ച സെയിഫ്ടി പിന്നുകൊണ്ട് കൂട്ടിയിണക്കിയ ചെളിപിടിച്ച നിക്കറിനും, പൊട്ടിയ ബട്ടണുകളില്‍ പിടികൊടുക്കാതെ നെഞ്ചിന്‍റെ ഇരു വശങ്ങളിലെക്കും വിടര്‍ന്നു കിടക്കുന്ന കീറലും  തയ്യലുമുള്ള  ഉടുപ്പിനുള്ളിലെ  ഉണഗിയ  രൂപം. അവന്‍റെ ഉപ്പുട്ടികള്‍  വിണ്ടു കീറിയിരുന്നു. ചെരിപ്പ് വാങ്ങിക്കാന്‍ കാശില്ല എന്നതിലുപരി ചെരിപ്പിടുന്നതിന്‍റെ ആവശ്യകത അറിയില്ല എന്നതാണ് പരമാര്‍ത്ഥം. വയസ്സ് എത്രയെന്നവന് അറിയില്ല. സംഗ്യകള്‍ അറിയില്ലായിരുന്നു. അവനു ആകെ അറിയാവുന്നത് അവന്‍റെ പേരുമാത്രമാണ്, പെരുമാള്‍.



നടന്നു നടന്നു തളരുമ്പോള്‍ എവിടെയെങ്കിലും ഇരുന്നു ഇരുന്നു മടുക്കുമ്പോള്‍ കിടന്നുറങ്ങി. ഉറങ്ങുന്നിടം എവിടെയാണ് ആരുടെയാണ് എന്നവനറിഞ്ഞില്ല.
അവനാകെ അറിയാവുന്നത് അവനെയാണ്‌, അവനെ മാത്രം. ഓര്‍മ്മകളുടെ പിന്‍ വരമ്പിലൂടെ അവന്‍ സഞ്ചരിച്ചു. ആ വരമ്പുകള്‍ ശൂന്യതയില്‍ അവസാനിച്ചപ്പോള്‍ അവന്‍ തിരിഞ്ഞു നടന്നു. എങ്ങും പോകുവാന്‍ ഇടമില്ലാതെ. സ്വൊന്തം ആയി ഒന്നുമില്ലാതെ.
കൈകള്‍ നീട്ടി കാണുന്നവരോടെല്ലാം ‘അമ്മാ വല്ലതും തരണേ’ എന്ന് പറഞ്ഞു. അവന്‍റെ സൊരം പതറി. കണ്ണീര്‍ പൊടിഞ്ഞു. ഓരോരുത്തരുടെയും മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ്‌ വര്‍ധിച് വന്നിരുന്നു. ആ തുടിപ്പുകള്‍ ആരും കേട്ടില്ല.


എന്‍റെ കാലുകള്‍ തേഞ്ഞു തേഞ്ഞു തീര്‍ന്നാല്‍ ഞാന്‍ എങ്ങനെ നടക്കും?. പെരുമാളിന്‍റെ ഒരേയൊരു ഭയം അതായിരുന്നു. അതുമാത്രമായിരുന്നു. ആ ഭയം വിശപ്പായി. വിശപ്പ് കാല്‍പ്പാദങ്ങല്‍ക്ക് ശക്തിയേകി. അവന്‍  വീണ്ടും വീണ്ടും നടന്നുകൊണ്ടിരുന്നു.
പട്ടണത്തിന്‍റെ  ഹൃദയഭാഗത്ത്‌ നിന്നും മാറി ഒഴുകുന്ന പുഴ വല്ലപ്പോഴും അവനെ കുളിപ്പിച്ചു. ഇളംകാറ്റു തോര്‍ത്തി. പെരുമാള്‍ പ്രകൃതിയെ അമ്മ എന്ന് വിളിച്ചു. അവന്‍ അമ്മയോട് ചോദിച്ചു. എനിക്ക് ഒരു ഷര്‍ട്ടും നിക്കറും തരുവാന്‍ ആരുമില്ലേ?


അതൊരു വെറും ചോദ്യമായിരുന്നില്ല. മറിച്ച്  ഹൃദയം കാല്‍ച്ചുവട്ടില്‍ വീണുടയുന്ന ശബ്ദം ആയിരുന്നു. ആ ശബ്ദം പുഴയായി ഒഴുകി. പുഴയും പെരുമാളും ഒരുപോലെയാണ്. രണ്ടുപേരും എവിടെനിന്ന് വരുന്നു എന്നവര്‍ക്കറിയില്ല. എങ്ങോട്ട് പോകുന്നുവെന്നും! അറിയാവുന്നത് അവര്‍ ഒഴുകുന്നുണ്ട് എന്നത് മാത്രം. 
നിരത്തിവെച്ച ഗ്ലാസ്‌ ഭരണികളിലെ നിറവിത്യാസമുള്ള മിടായികള്‍ അവനെ പല്ലിളിച്ചു കളിയാക്കി. അത് ഗൌനിക്കാതെ അവന്‍ കടക്കാരനോട് പറഞ്ഞു.
‘പട്ടിണിയാണ്....... എന്തെങ്കിലും തരണേ?’
'ഇവിടൊന്നും ഇല്ല.'
മറുപടി ശ്രേധിക്കാതെ നിശബ്ദതയുടെ വാക്കുമായി വീണ്ടും അവിടെ നിന്നപ്പോള്‍ ‘ശല്യപ്പെടുത്താതെ പോടാ’ എന്ന് ഉച്ചത്തില്‍ ഒരു ആക്രോശം ഉണ്ടായി. യുഗങ്ങളായി കേള്‍ക്കുന്ന ഒരു ശബ്ധംപോലെ അത്  പെരുമാളിന്‍റെ  ഹൃദയത്തില്‍ പ്രതിദ്വോനിച്ചുകൊണ്ടിരുന്നു.
ഓരോ മിടായി പാത്രങ്ങളും ചൂണ്ടിക്കനിച് മറ്റൊരു കുട്ടി അവന്‍റെ  മമ്മിയോട് പറഞ്ഞു. ആ മിടായി എനിക്ക് വേണം.
പെരുമാള്‍ അത് നോക്കി നിന്നു.
കടക്കാരന്‍ ആ കുട്ടി ആവശ്യപെട്ട പലനിറത്തിലുള്ള മിടായി എടുത്തുകൊടുത്തു. അവന്‍റെ മമ്മി അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് നടന്നകന്നു. അതുകണ്ട പെരുമാള്‍ എരിയുന്ന അടുപ്പിലെ കത്താത്ത ഒരു വിറകായി മാറി.


സംക്യകളും കണക്കുകളും അറിയാത്ത പെരുമാള്‍, അവനുകിട്ടുന്ന ചില്ലറ പൈസകള്‍ എന്ണിയിരുന്നില്ല. ഭക്ഷണം വാങ്ങുന്ന കടകളില്‍ നിന്നും അവന്‍ നിരന്തരം കബളിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. അവന്‍ ആരാലും കബളിപ്പിക്കപെടുന്നു എന്ന് പെരുമാളിനു ഒരിക്കലും തോന്നിയിരുന്നില്ല. പണത്തിന്‍റെ മൂല്യം അവനു അറിയില്ലായിരുന്നു.
രാവിലെ എഴുന്നേറ്റു കടത്തിന്നയുടെ ഭിത്തിയില്‍ പെരുമാള്‍ ചോദ്യചിന്ന രൂപത്തില്‍ ചാരിയിരുന്നു. വിദൂരതയിലൂടെ ഓടിയ കണ്ണുകള്‍ ആകാശത്തില്‍ തൂങ്ങി നില്‍ക്കുന്ന കുരിശില്‍ തങ്ങിനിന്നു. ആ വഴിയിലൂടെ പെരുമാള്‍ മെല്ലെ നടന്നു.


വിലപിടിപ്പുള്ള വാഹനങ്ങളില്‍ വിശ്വാസികള്‍ അങ്ങോട്ട്‌ പോയ്കൊണ്ടിരുന്നു. ചിലര്‍ നടന്നു. കൈയിലും കഴുത്തിലും വര്‍ണ്ണമുള്ള സോര്‍ണ്ന്ന ആഭരണങ്ങള്‍ അണിഞ്ഞ ഒരു മധ്യവയസ്ക കണ്ണാടി വെച്ച് പളപളാ തിളങ്ങുന്ന സാരി ഉടുത്ത് അവന്‍റെ മുന്‍പില്‍ നടന്നുപോയി. 


പള്ളിമുറ്റത്ത്‌ നിന്നു അവന്‍ അകത്തേക്ക്  നോക്കി. മനോഹരമായ ഗാനങ്ങള്‍ പാടുന്നുണ്ട്. പക്ഷെ അവനത് മനസ്സിലായില്ല. ആരെക്കൊയോ പ്രാര്‍ത്ഥിച്ചു. പെരുമാളിന്‍റെ  പേര് ആരും ഉച്ചരിച്ചില്ല. അക്ഷരമാലയെ തിരിച്ചും മറിച്ചും കോര്‍ത്തിണക്കിയ വാക്കുകള്‍ പള്ളിയുടെ ഉള്‍ഭിത്തികളില്‍ ഭൂകമ്പം ആയി മാറി. അതിന്‍റെ  പ്രതിഭലനങ്ങള്‍ പെരുമാള്‍ അറിഞ്ഞില്ല. ആരാധനക്ക്  ശേഷം ഓരോരുത്തരായി ഇറങ്ങിവന്നു. പളപളാ തിളങ്ങുന്ന സാരി ഉടുത്ത, സോര്‍ണ്ണം അണിഞ്ഞ കണ്ണടി വെച്ച മധ്യ വയസ്ക!
അവരുടെ മുന്‍പില്‍ അവന്‍  കൈ  നീട്ടി.
അവര്‍ എങ്ങോ അപ്രേത്യ്ക്ഷമായി!
കൂട്ടമായി വിശ്വാസികള്‍ പള്ളിയില്‍ നിന്നും വെളിയില്‍ ഇറങ്ങുന്നതിനിടെ ആരോ അറിയാതെ അവനെ തള്ളിയിട്ടു.
മറ്റുള്ളവര്‍ അവന്‍റെ പുറത്തുകൂടെ ചവിട്ടി നടന്നു പോയി.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അവന്‍ ബോധം തെളിഞ്ഞു.
അവന്‍ എഴുന്നേറ്റു.
അപ്പോള്‍ പള്ളിയുടെ വാതില്‍ അടഞ്ഞുകിടന്നിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ