2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

എ പ്ലസ്‌ ബിലിവര്‍

നാളെ രാവിലെ ആണ് പ്ലസ്‌ ടു ഫൈനല്‍ എക്സാം തുടങ്ങുന്നത്. പാഠപുസ്തക താളുകള്‍ തിരിച്ചും മറിച്ചും നോക്കി ഓര്‍മയെയും അറിവിനിനെയും ചെത്തിയൊതുക്കി അവള്‍ പരീഷയ്കുള്ള അവസാന മിനുക്കു പണിയിലാണ്. സന്ധ്യക്ക്‌ വളരെ അപ്രതീക്ഷിതമായി എത്തിയ ഫോണ്‍ കാള്‍ ഒരിടിമിന്നലായി. അവള്‍ കട്ടിലില്‍ ചാഞ്ഞു വീണു.
കൂലിപ്പണിക്കാരന്റെ വീട്ടില്‍ ജനിച്ച സാന്ദ്രമോള്‍ ഉന്നത മാര്‍ക്ക്‌ വാങ്ങി സ്കൂളിന്റെ അഭിമാനം ആകും എന്നാണ് അവളുടെ അധ്യാപകരുടെ ഉറച്ച വിശ്വാസം. മെലിഞ്ഞു കറുത്ത അവള്‍ പഠിക്കാന്‍ മിടുക്കിയാണ്. കാണാന്‍ വല്യ അഴക്‌ ഇല്ലാതിരുന്നതുകൊണ്ട്‌ ആരും അവളെ ശ്രെധിച്ചില്ല. ആള്‍ക്കൂട്ടത്തില്‍ ശ്രെധിക്കപ്പെട്ടവള്‍ ആയി മാറാനും അവള്‍ ആഗ്രഹിച്ചില്ല. എന്നാല്‍ പഠിക്കാന്‍ പ്രത്യേക കഴിവും ബുദ്ധിയും ദൈവം തനിക്ക്‌ നല്‍കിയിട്ടുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. പത്താം ക്ലാസ്സില്‍ എല്ലാം വിഷയത്തിനും എ പ്ലസ്‌ സ്വൊന്തം ആക്കി അവള്‍ അത് വീട്ടിലും നാട്ടിലും കൂട്ടുകാര്‍ക്കിടയിലും തെളിയിക്കുകയും ചെയ്തു. പ്ലസ്‌ വന്നിലും എ പ്ലസ്‌ ഗ്രേഡ് കരസ്തമാക്കിയതോടെ കൂട്ടുകാര്‍ അവളെ മിസ്സ്‌ എ പ്ലസ്‌ എന്നാ ഓമനപ്പേരില്‍ വിളിക്കാന്‍ തുടങ്ങി.
നാട്ടില്‍ നിന്നും വളരെ അകലെയുള്ള ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് സാന്ദ്രമോള്‍ പഠിക്കുന്നത്. പ്ലസ്‌ ടുവിലും എ പ്ലസ്‌ വാങ്ങുക എന്നത് അവളുടെ ഒരു സോപ്നമാണ്. എന്നാല്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നോടിയായി കാണുന്ന ഉത്സവങ്ങള്‍ ആണോ ഓരോരോ സോപ്നങ്ങള്‍ എന്നും പ്രതീക്ഷകള്‍ ആ ഉത്സവത്തിന് മാട്ടുകൂട്ടുന്ന നിറങ്ങളും മേളങ്ങളും ആണോ എന്നും അവള്‍ ചിന്തിച്ചു. കണ്ണുകള്‍ നിറയാന്‍ തുടങ്ങി. ‘അവളുടെ പിതാവ്‌ പാമ്പുകടി ഏറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐ. സി. യുവില്‍ കഴിയുകയാണെന്നും അച്ഛനെ കാണാന്‍ വേണ്ടി എത്രയും വേഗം ആശുപത്രിയില്‍ എത്തണം എന്നും ആയിരുന്നു പരീക്ഷയുടെ തലേ ദിവസം എത്തിയ ഫോണ്‍ സന്ദേശം. ഹോസ്റ്റലിലെ വാര്‍ഡന്‍ അവളുടെ അരികത്ത്‌ ഇരുന്നു. അവളോട്‌ ആശ്വാസ വാക്കുകള്‍ പറഞ്ഞു. ഒരുവശത്ത് ഭാവിയെ നിര്‍ണ്ണയിക്കുന്ന എക്സാം. മറ്റൊരു വശത്ത്‌ മരണത്തോട്‌ മല്ലടിക്കുന്ന അച്ഛനെ കാണാനുള്ള മോഹം. രണ്ടും പ്രധാനപ്പെട്ടതാനെന്കിലും ഏതെങ്കിലും ഒന്നേ നടക്കുകയുള്ളൂ. പരീക്ഷയാണെങ്കില്‍ വീണ്ടും എഴുതാം. ഞാന്‍ ആശുപത്രിയില്‍ എത്തും മുന്‍പേ അച്ഛന്‍ വിട പറഞ്ഞാല്‍? മനസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന സംശയങ്ങള്‍ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ആ വേദനയുടെ ദ്രാവകരൂപം അവളുടെ കവിളിണയിലൂടെ ഒഴുകി.
‘എനിക്ക് പരീക്ഷ എഴുതണം. എനിക്കെന്‍റെ അച്ഛനെ ജീവനോടെ തിരികെ വേണം’ അവളുടെ ശബ്ദം പതുക്കെ താഴ്ന്നു വാക്കുകള്‍ അവ്യെക്തമായി. വാര്‍ഡന്‍റെ മടിയില്‍ മുഖം അമര്‍ത്തി സാന്ദ്രമോള്‍ തേങ്ങിക്കരഞ്ഞു.
ദൈവം എന്‍റെ അച്ഛന് ഒന്നും വരുത്തുകയില്ല. ഞാന്‍ നന്നായി പരീക്ഷ എഴുതും. ഞാന്‍ ജയിക്കും. ഞാന്‍ അച്ഛനെ സൌഖ്യത്തോടെ കാണും. അവള്‍ എന്തെക്കെയോ കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ അവളുടെ സംസാരം പഴകിയ കയര്‍ പോലെ പൊട്ടി പൊട്ടി പോകുന്നുണ്ടായിരുന്നു.
എന്തെങ്കിലും പറഞ്ഞു സാന്ത്വനിപ്പിക്കുവാന്‍ അവളുടെ കൂട്ടുകാരികള്‍ക്കും സഹപാടികള്‍ക്കും കഴിഞ്ഞില്ല. കണ്ണീര്‍ ഒഴുക്കിന്‍റെ വേഗതയെ ചിറകെട്ടി നിര്‍ത്തുവാനും അവര്‍ക്കാര്‍ക്കും സാധിച്ചില്ല. പെട്ടെന്ന് ആത്മ നിയന്ത്രണം ഏറ്റെടുത്ത്‌ അവള്‍ എഴുന്നേറ്റു. വിറയ്ക്കുന്ന കരങ്ങല്‍കൊണ്ട് അടുത്ത ദിവസം എഴുതുവാനുള്ള പരീക്ഷയുടെ പാഠപുസ്തകങ്ങളും ഗയ്ടുകളും നോട്ടുബുക്കുകളും അവള്‍ അടച്ചുവെച്ചു. പകലെരിഞ്ഞ സൂര്യന്‍ അന്നേരം വിശ്രമത്തിനായി എങ്ങോ പോയി മറഞ്ഞിരുന്നു. സന്ധ്യയുടെ കറുപ്പ് ചായത്തെ നേര്‍പ്പിച്ച് എടുത്ത് ജനല്‍ അഴികള്‍ക്കിടയിലൂടെ നിലാവ് അവളുടെ മുറിയിലേക്ക്‌ എത്തിനോക്കുന്നുണ്ടായിരുന്നു. മാര്‍ബിള്‍ തറയുടെ ചെറു തണുപ്പില്‍ അവള്‍ മുട്ടുകുത്തി. മുഖം ഇരു കൈകളില്‍ വച്ച് തറയില്‍ അമര്‍ത്തി അവള്‍ തനിയെ കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍ മുറിക്കുള്ളിലെ വായുവിന്‍റെ സാന്ദ്രത കുറഞ്ഞു. ചെറുകുളിര്‍ പകരുന്ന മന്ദമാരുതന്‍ പതുക്കെ പിന്‍വാങ്ങി. അകാരണമായൊരു ഭയം അവളുടെ ഉള്ളില്‍ ഉണര്‍ന്നു. പേശികള്‍ വലിഞ്ഞുമുറുകി. ഹൃദയസ്പന്ദനവേഗത കുറഞ്ഞു. ശ്വാസം നിലയ്ക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ തറയിലേക്കു വീണു. പെട്ടന്ന് ഓര്‍മ്മപ്പെട്ടിയില്‍ നിന്ന് സണ്‍‌ഡേ സ്ക്കുളില്‍ പഠിച്ച ജീവന്‍റെ വാക്യങ്ങള്‍ അടങ്ങിയ രക്തം ഹൃദയത്തിലേക്ക് പാന്ജോടിച്ചെന്നു. അത് കൃത്രിമ ശ്വാസം പോലെ അവളുടെ ഹൃദയമിടിപ്പിനെ സാധാരണമാക്കി. സെകണ്ടുകളും മിനിട്ടുകളും മണിക്കൂറുകളും ഒന്നും ഇല്ലാത്ത ഒരു രാത്രിയായിരുന്നു അവള്‍ക്കത്. രാത്രികള്‍ മാത്രമുള്ള ഒരു പുതിയ ഗ്രഹത്തിലെ അനാഥജീവിയായി അപ്പോള്‍ അവള്‍ ജെന്മം എടുത്തു.
രാവിലെ ആരോ മുട്ടിവിളിച്ചപ്പോള്‍ പുംചിരിക്കാന്‍ തുടങ്ങുന്ന ഇളംവേയിലിനെയാണ് അവള്‍ ആദ്യം കണ്ടത്‌. അലസമായി ചിതറി കിടക്കുന്ന മുടി വാരിക്കെട്ടി മുഖം തണുത്ത വെള്ളത്തില്‍ കഴുകി. തിരികെ വന്നു റൂമില്‍ ഇരിക്കുമ്പോള്‍ അച്ഛനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മനസ്സില്‍ വീണ്ടും തുളച്ചു കയറാന്‍ ആരംഭിച്ചു. പരീക്ഷ എഴുതാതെ ആദ്യ ബസിനുതന്നെ ആശുപത്രിയിലേക്ക് പോയാലോ എന്ന് അവള്‍ ചിന്തിച്ചു. വേണ്ടാ... രാത്രി മുഴുവന്‍ പിന്നെ ഞാന്‍ എന്തിനാണ് പ്രാര്‍ത്ഥനയുടെ അഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യേശുവിന്‍റെ പാഥാന്തികെ ഇരുന്നത്. ദൈവത്തില്‍ വിശ്വസിക്കുകയല്ലെ വേണ്ടത്.
ബ്രെക്ഫാസ്ടിനു ഞാന്‍ വരുന്നില്ല. അവള്‍ റൂമിലെ കൂട്ടുകാരികളോട് പറഞ്ഞു. പരീക്ഷഹാളിലിരിക്കുമ്പോള്‍ അച്ഛനെക്കുറിച്ചുള്ള ഭീതി വീണ്ടും അവളുടെ ഉള്ളില്‍ ഓടിവന്നു.
ഞാന്‍ എന്ത് സ്വാര്‍ത്ഥ മതിയാണ്. എനിക്കെന്‍റെ അച്ഛനല്ലല്ലോ പരീക്ഷയല്ലേ വലുത്‌. ഞാന്‍ പോകേണ്ടതായിരുന്നു. അച്ചനില്ലെങ്കിലെനിക്കെന്തിനാണ് എ പ്ലസ്‌.
ഓരോന്ന് ചിന്തിച്ചുകൊണ്ട് അവള്‍ വെറുതെ ചോദ്യകടലാസിലെക്ക് നോക്കിയിരിക്കുകയാണ്. തല കറങ്ങും പോലെ അവള്‍ക്ക്‌ തോന്നി. അപ്പോള്‍ തൊണ്ടയിലെ ജലാംശം വറ്റിപോയിരുന്നു. സാന്ദ്രമോള്‍ പതുക്കെ മേശപ്പുറത്ത്‌ മുഖം അമര്‍ത്തി കണ്ണുകളടച്ച് യേശുവിനോട് പ്രാര്‍ഥിച്ചു. കൈകള്‍ തന്നെ ചലിക്കുവാന്‍ തുടങ്ങി. വിറയല്‍ മാറിയപ്പോള്‍ അക്ഷരങ്ങള്‍ക്ക്‌ വേഗതയും ഭംഗിയും കൂടിവന്നു. ആരോ കൈ പിടിക്കുന്നതായി അവള്‍ക്ക്‌ തോന്നി. കൈ കുഴഞ്ഞു ഇടയ്ക് എഴുത്തിന്‍റെ ചലനവേഗത കുറയ്കാന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ചില നിമിഷങ്ങള്‍ എല്ലാം മറന്നവള്‍ എഴുതി. വീടും അച്ഛനും ആശുപത്രിയും പിന്നെ മനസ്സിനെ തളര്‍ത്തിയിരുന്ന അനേക ഭാരങ്ങളെല്ലാം സാന്ദ്രമോളുടെ മനസ്സില്‍ നിന്നും അടര്‍ന്നുപോയി. യേശു ഒരുക്കിയ സ്വോര്‍ഗ്ഗത്തിലെ ഒരു മുറിയില്‍ ഇരിക്കുന്ന അനുഭവം അവളറിഞ്ഞു. കൃത്യ സമയത്തിനുള്ളില്‍ തന്നെ എല്ലാ ഉത്തരങ്ങളും വേഗതയില്‍ എഴുതിതീര്‍ത്ത്‌ പുറത്തിറങ്ങുമ്പോള്‍ അറിയാത്തൊരു ഊഷ്മളത അവളുടെ ഹൃദയത്തോട് പറ്റിപിടിച്ചിരുന്നു.
ഹോസ്റ്റലില്‍ വന്നുകയറിയപ്പോള്‍ അവളുടെ പാധങ്ങള്‍ക്ക് ചെറിയ വിറയല്‍ ഉണ്ടായി. ആശുപത്രിയില്‍ നിന്നും ആരെങ്കിലും വിളിച്ചുകാണുമോ?
വാര്‍ഡന്‍ ഇരിക്കുന്ന റൂമിലേക്ക്‌ നടന്നു ചെല്ലുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോകുന്നുണ്ടായിരുന്നു.
വാര്‍ഡന്‍ അവളെ കെട്ടിപ്പിടിച്ചു. അവരുടെയും കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ പുറത്തേക്കു വരാന്‍ താമസിച്ചു. സാന്ദ്രമോള്‍ നിച്ചലയായി വാര്‍ഡന്‍റെ കരവലയത്തിനുള്ളില്‍ ഒതുങ്ങി നിന്നു. എന്താണ് പറയാന്‍ പോകുന്നതെന്നറിയാതെ.
‘മോളെ.... നിന്‍റെ അച്ഛന്‍ അപകടനില തരണം ചെയ്തിരിക്കുന്നു’. എന്ന് അമ്മ ഇപ്പോള്‍ വിളിച്ചു പറഞ്ഞു.
കഴിഞ്ഞ രാത്രിയില്‍ അച്ഛന്‍ മരണത്തെ മുന്‍പില്‍ കണ്ട്കിടക്കുമ്പോള്‍ ആരോ തന്‍റെ തോളില്‍ തട്ടിവിളിച്ചു. ആ കരങ്ങളുടെ മൃദുസ്പര്‍ശനം തന്‍റെ ഹൃദയത്തെയാണ്‌ ആദ്യം ഉണര്‍ത്തിയത്‌. പിന്നെ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചു കണ്ണുനീര്‍ തുടച്ചു.
എല്ലാം സാന്ദ്രമോള്‍ വിവരിക്കുന്നതുകേട്ടു ചുറ്റും ഇരുന്ന കൂട്ടുകാര്‍ക്ക് വിസ്മയം. അവരെല്ലാം എ പ്ലസിനെ കെട്ടിപിടിച്ചു.
‘യു ര്‍ എ പ്ലസ്‌ ബിലിവര്‍ ഓള്‍സോ’ വാര്‍ഡന്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പരീക്ഷയുടെ പുസ്തകവുമായി മരച്ചുവട്ടിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ പൊട്ടിയ പുഞ്ചിരി അവളുടെ ചുണ്ടില്‍ വിടര്‍ന്നു. മൂന്നാല് ചുവടുകള്‍ക്കു ശേഷം അവള്‍ ആകാശത്തേക്ക് നോക്കി. അപ്പോള്‍ മേഘങ്ങള്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവയും അവളോട്‌ പറഞ്ഞു യു ആര്‍ എ പ്ലസ്‌ ബിലിവര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ